ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ കോടതിനടപടികൾ റിക്കാർഡ് ചെയ്തു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉൾപ്പെടെയുള്ളവർക്കെതിരേ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിൽനിന്നും ഡൽഹി ഹൈക്കോടതി ജഡ്ജി തേജസ് കരിയ പിന്മാറി.
ഹൈക്കോടതി ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റീസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിനു മുന്പാകെ വിഷയം എത്തിയപ്പോഴാണ് കേസ് പരിഗണിക്കുന്നതിൽനിന്നു പിന്മാറുന്നുവെന്ന് ജഡ്ജി വ്യക്തമാക്കിയത്. തീരുമാനത്തിന്റെ കാരണം വ്യക്തമല്ല. മറ്റൊരു ബെഞ്ച് ഇന്ന് ഹർജി പരിഗണിക്കും.
അഭിഭാഷകനായ വൈഭവ് സിംഗാണ് കേജരിവാൾ ഉൾപ്പെടെയുള്ളവർക്കെതിരേ നടപടി ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റീസ് സ്വർണകാന്ത ശർമയുടെ കോടതിയിൽ കേജരിവാൾ നേരിട്ടു വാദിച്ച നടപടികൾ അനുമതിയില്ലാതെ റിക്കാർഡ് ചെയ്തു പ്രചരിപ്പിച്ചുവെന്നാണ് ഹർജിക്കാരന്റെ പ്രധാന പരാതി.
ഇത്തരം വീഡിയോകൾ സമൂഹമാധ്യമങ്ങളിൽനിന്നു നീക്കം ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നേരത്തേ ഹൈക്കോടതി ഭരണവിഭാഗം ഈ വിഷയത്തിൽ ഡൽഹി പോലീസിന് കത്തയച്ചിരുന്നു.